
"ജനീവ: സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്രസമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ സമവായമുണ്ടാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയേറ്റു. എന്‍ഡോസള്‍ഫാന്‍ ഗണ്യമായ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന ഇന്ത്യയുടെ നിലപാടിനെ ബഹ്‌റൈനും ഖത്തറും എതിര്‍ത്തോടെ ഇന്ത്യന്‍ താത്പര്യം ഏഷ്യാ-പസഫിക് മേഖലയുടെ പൊതുനിലപാടായി അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സമ്മേളനത്തില്‍ വോട്ടെടുപ്പു വന്നാല്‍ ഒറ്റപ്പെടുമെന്ന അവസ്ഥ മുന്നില്‍ക്കണ്ട ഇന്ത്യന്‍ പ്രതിനിധികള്‍ അനുരഞ്ജനത്തിനു ശ്രമം തുടങ്ങിയിട്ടുണ്ട്. കേരളമുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനകീയപ്രക്ഷോഭം അവഗണിച്ച് നിരോധനത്തെ എതിര്‍ത്തുകൊണ്ടു കരടുപ്രസ്താവന തയ്യാറാക്കിയ ഇന്ത്യ, തങ്ങള്‍ക്കു പിന്നില്‍ കൂടുതല്‍ രാജ്യങ്ങളെ അണിനിരത്താന്‍ ചരടുവലി തുടരുന്നതിനിടെയാണ് ഏഷ്യന്‍ രാജ്യങ്ങള്‍തന്നെ എതിര്‍പ്പുയര്‍ത്തിയത്. നിരോധനം വേണ്ടെന്ന അഭിപ്രായം ഇന്ത്യയുടെ മാത്രം നിലപാടായി അവതരിപ്പിച്ചാല്‍ മതിയെന്നും ഏഷ്യാ-പസഫിക് മേഖലയുടെ പൊതുനിലപാടായി അതിനെ കാണാന്‍ പറ്റില്ലെന്നും ബഹ്‌റൈനും ഖത്തറും വ്യക്തമാക്കി. ദക്ഷിണ ശാന്തസമുദ്ര ദ്വീപ് രാഷ്ട്രമായ സമോവമാണ് ഇപ്പോള്‍ നിരോധനത്തിനെതിരെ പരസ്യനിലപാട് പ്രഖ്യാപിച്ചിട്ടുള്ളത്".